ഡൽഹി: രാജ്യത്ത് വേനൽ അതിശക്തമാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഇന്നലെ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില. കഴിഞ്ഞ ആറ് ആഴ്ച്ചയായി ഡൽഹിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം 46 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി.
പശ്ചിമ രാജസ്ഥാൻ, ഡൽഹി, ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വരെ ഇവിടെ ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നിറിയിപ്പ്. മറ്റന്നാൾ മുതൽ മഴ എത്തുന്നതോടെ ചൂട് കുറയുമെന്നും പ്രവചനമുണ്ട്.
ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതൽ പഞ്ചാബിൽ സ്കൂളുകളിൽ വേനൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിൽ ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.







