ഡല്‍ഹി: ജോധ്പൂര്‍ സംഘര്‍ഷത്തില്‍ രാജസ്ഥാന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘര്‍ഷത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തായി രാജസ്ഥാന് പൊലീസ് അറിയിച്ചു.
സംഘര്‍ഷത്തില്‍ 13 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉദയ് മന്ദിര്‍, നഗോരി ഗെയ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മതിയായ പൊലീസ് വിന്യാസം പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും ജോധ്പ്പൂര്‍ കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, രാജസ്ഥാനിലെ ജോധ്പൂരില്‍ മതചിഹ്നങ്ങളുള്ള പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്തെത്തി.
രാജസ്ഥാനില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നാരോപിച്ച മന്ത്രി, സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്കി.
Discussion about this post