മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തില്‍ ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ജൂലായില്‍ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് ശിക്ഷ. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. റാലി നടത്തുന്നത് തെറ്റല്ല എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം.
മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post