ഡല്‍ഹി : വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
“ഡല്‍ഹിയിലെ ദാരുണമായ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതം നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പരിക്കേറ്ററവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് ഈ ട്വീറ്റില്‍ പറയുന്നു.
ഡല്‍ഹിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷനു സമീപമുള്ള 3 നില വാണിജ്യ കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായത്. ദുരന്തത്തില്‍ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ സുനില്‍ ചൗധരി പറഞ്ഞു. ഇതുവരെ 70 പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഔട്ടര്‍ ഡിസ്ട്രിക്റ്റ്) സമീര്‍ ശര്‍മ്മയും പറഞ്ഞു. സിസിടിവി ക്യാമറകളുടെയും റൂട്ടര്‍ നിര്‍മാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ കമ്പനി ഉടമ പൊലീസ് കസ്റ്റഡിയിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post