ഗുവാഹത്തി: ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറുന്നതായി കരസേന ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ആര്.പി.കലിത. അതിര്‍ത്തിയില്‍ സംഭവിക്കാനിടയുള്ള ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണ്. തുടര്‍ച്ചയായ നവീകരണങ്ങളിലൂടെ ഇന്ത്യയും അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും ആര്.പി. കലിത പറഞ്ഞു.
അരുണാചലിലെ തിബറ്റ് മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് (എല്‍.എ.സി) അപ്പുറം ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റോഡ്, റെയില്‍, വ്യോമ, 5 ജി മൊബൈല്‍ നെറ്റ്വര്‍ക്ക് സൗകര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ കരസേന തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്. ചൈനയുടേത് പോലെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്നും കമാന്‍ഡ് മേധാവി വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികള്‍ ക്യത്യമായി നിര്‍വചിക്കപ്പെടാത്തതാണ് കയ്യേറ്റങ്ങള്‍ക്ക് പ്രധാന കാരണമായി ആര്.പി. കലിത ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ നേരിടാന്‍ പോകുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാന്‍ സൈന്യം തയാറാണ്. ഉഭയകക്ഷി കരാറുകളിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി പറഞ്ഞു.
Discussion about this post