ലക്നൗ: കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തുകണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് മീണ വ്യക്തമാക്കി.
അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെയാണ് പ്രതികൾക്കെതിരെ ശക്തമായ നടപടി വരുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ സര്‍ക്കാരിൽ നിന്നുള്ള നിര്‍ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്നും പൊലീസ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ആവശ്യമെങ്കിൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി പൊലീസ് എഡിജിപി വ്യക്തമാക്കി.
പ്രധാനപ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ SDPI, PFI ബന്ധം തെളിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും സംഘർഷത്തിലെ പിഎഫ്ഐ ബന്ധത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. ഇതിനിടെ ബറേലിയിൽ ഒരു വിഭാഗം പ്രഖ്യാപിച്ച റാലി കണക്കിലെടുത്ത് ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂൺ പത്തിനാണ് ഇവിടെ ഒരു വിഭാഗം സംഘടനകൾ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചത്.
Discussion about this post