തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വൻ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘർഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂർണമായും ഗതാഗതം സ്തംഭിച്ചു. ഇവിടെ രണ്ട് മണിക്കൂറോളമാണ് സംഘർഷാവസ്ഥ നിലനിന്നത്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം.
പന്ത്രണ്ടരയോടെ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ കുത്തിയിരുന്നു. ഒടുവിൽ രണ്ട് മണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. ഗ്രനേഡ് ഏറിലും ജലപീരങ്കി പ്രയോഗത്തിലും ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
രാവിലെ 11 മണിയോടെ കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങിയ മാർച്ചാണ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ സംഘർഷമായി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാർച്ചാണ് സംഘർഷത്തിലെത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് പൊലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ചേ മാർച്ച് തടയുകയായിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയത്.
പൊലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
Discussion about this post