ഡല്‍ഹി: മൂക്കിലൂടെ നല്കാവുന്ന കോവിഡ് വാക്സിന് ഉടന്‍ വിപണിയിലെത്തിയേക്കും. മരുന്നിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി കോവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. അടുത്ത മാസത്തോടെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്സ് കണ്ട്രോളര് ജനറലിന് കൈമാറും. അനുമതി ലഭിച്ചാല്‍ മൂക്കിലൂടെ നല്കാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായിരിക്കും അതെന്ന് ഭാരത് ബയോടെക് ചെയര്മാന് ഡോ കൃഷ്ണ എല്ല പറഞ്ഞു.
മൂക്കിലൂടെ നല്കാവുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വര്‍ഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കണ്ട്രോളര് അനുമതി നല്‍കിയത്. ഏതൊരു വാക്സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്മാന് പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമര്‍ഥമായ വഴികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post