റായപൂര്‍: പ്രണയദിനമായ ഫെബ്രുവരി 14 ഇനി മുതല്‍ മാതൃപിതൃ ദിനമായി ആചരിക്കാന്‍ ഛത്തീസ്ഗഡ് സര്ക്കാര്തീരുമാനിച്ചു. രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ തീരുമാനം മുന്നോട്ടുവെച്ചത്. ഇനിയുള്ള വര്‍ഷങ്ങളില്‍ പ്രണയദിനത്തില്‍ ഛത്തീസ്ഗഡില്‍ മാതാപിതാക്കളെ ആരാധിക്കുന്ന ദിവസമായി ആചരിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ രണ്ട് വര്‍ഷം മുമ്പ് മുതല്‍ ഫെബ്രുവരി 14 മാതൃപിതൃ ദിവസമായി ആചരിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഇനിയുള്ള വര്‍ഷങ്ങളില്‍ പ്രത്യേക അറിയിപ്പ് ഉണ്ടാകില്ലെന്നും എല്ലാ വര്‍ഷവും ഈ നിര്‍ദ്ദേശം പിന്തുടരണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഫെബ്രുവരി 14ന് വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും സ്ക്കൂളില്‍ എത്തിചേരണം. മാതാപിതാക്കളെ കുട്ടികള്‍ മാല ചാര്‍ത്തി സ്വീകരിച്ച് ആരതി ഉഴിയണം തുടര്‍ന്ന് മധുരപലഹാരങ്ങള്‍ നല്‍കുകയും വേണം. വലൈന്റൈന്‍സ് ഡേയക്കെതിരെ ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു. പ്രണയദിനം സംസ്ക്കാരത്തിനു ചേര്‍ന്നതല്ല എന്ന നിലപാടുമായാണ് സംഘടന രംഗത്തെത്തിയത്.
പ്രണയദിനത്തില്‍ ഒരുമിച്ചു കാണുന്ന കമിതാക്കള്‍ക്ക് ശിക്ഷ നല്‍കുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു. ഹൈന്ദവ വിശ്വാസികളാണെങ്കില്‍ ഇരുവരുടെയും കല്യാണം നടത്തും. മറ്റു മതക്കാരാണെങ്കില്‍ ശുദ്ധിക്കലശം ചെയ്ത് വിടുമെന്നാണ് മഹാസഭ അറിയിച്ചത്.
Discussion about this post