കൽപ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുളളത്.
വെള്ളിയാഴ്ചയാണ് സംഭവം. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലായെന്നാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു.
ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്ഐ പ്രവര്‍ത്തകരെ അയച്ചതെന്ന ആരോപണവുമായി ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ രംഗത്തുവന്നു.
അതേ സമയം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post