മുംബൈ: ബൃഹാൻ മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്യാനുളള അണിയറ നീക്കങ്ങളുമായി അമിത് ഷാ മുംബൈയിൽ. 227 അംഗ കോർപ്പറേഷനിൽ 150 സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുമായുളള കൂട്ടുകെട്ട് ഇതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
2019 ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച് വിജയിച്ച ശേഷം ഉദ്ധവിന്റെ നേതൃത്വത്തിലുളള ശിവസേന ചെയ്തതുപോലുളള വഞ്ചനയ്ക്ക് ഇനി അവസരം ഒരുക്കരുതെന്ന ഉറച്ച നിലപാടാണ് അമിത് ഷാ മുന്നോട്ടുവെച്ചത്. ഷിൻഡെയുടെ ശിവസേനയുമായി സഖ്യം ചേർന്നാകും ബിജെപി മത്സരിക്കുകയെന്നും അമിത് ഷാ സ്ഥിരീകരിച്ചു.
2017 ൽ നടന്ന ബൃഹാൻ മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 82 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയെക്കാൾ രണ്ട് സീറ്റുകൾ മാത്രമാണ് പിന്നിലായത്. ശിവസേന കാണിച്ച വഞ്ചനയോട് ഒരു തരത്തിലുളള ഒത്തുതീർപ്പും വേണ്ടെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം.
രാഷ്ട്രീയത്തിൽ നാണക്കേട് ഉണ്ടാകും പക്ഷെ, വഞ്ചന അംഗീകരിക്കാനാകില്ലെന്നും പാർട്ടി പ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിൽ അമിത് ഷാ പറഞ്ഞു. ബിജെപി എംപിമാരും എംഎൽഎമാരും കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
പൊതുജനങ്ങൾ എൻഡിഎയ്ക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആത്മസമർപ്പണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.








