ചണ്ഡീഗഡ്: മുൻ കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും. തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെ അമരീന്ദർ സിംഗ് ബിജെപിയിൽ ലയിപ്പിക്കും. അമരീന്ദർ സിംഗിന് പുറമെ പഞ്ചാബിലെ ഏഴോളം മുൻ എംഎൽഎമാരും ക്യാപ്റ്റന്റെ മകൻ രൺ ഇന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവരും ബിജെപിയിൽ ചേർന്നേക്കും. കഴിഞ്ഞ ആഴ്ച ആദ്യം ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു.
അമിത് ഷായുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ ക്യാപ്റ്റൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളും വന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ തന്നെ പരമ്പരാഗത സീറ്റായ പട്യാലയിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമുള്ള അമരീന്ദർ സിംഗ് ബിജെപിയിൽ ഔദ്യോഗികമായി ചേരുകയും സാധാരണക്കാരുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുകയും ചെയ്താൽ പഞ്ചാബിൽ ശക്തിയാർജ്ജിക്കാൻ പാർട്ടിയ്ക്ക് കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ശിരോമണി അകാലിദളുമായുള്ള സഖ്യം വേർപെടുത്തിയതിന് ശേഷം പഞ്ചാബിൽ ബിജെപി ഒറ്റയ്‌ക്ക് ശക്തിപ്രാപിക്കാനുള്ള ശ്രമത്തിലാണ്. ക്യാപ്റ്റൻ അമരീന്ദർ രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം പഴയ പട്യാല രാജകുടുംബത്തിന്റെ പിൻഗാമി കൂടിയാണ്. പി.എൽ.സി പ്രവർത്തകരെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുമെന്ന് അമരീന്ദർ സിംഗിന്റെ അടുത്ത സഹായി കെ.കെ ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ആഗ്രഹം സിംഗ് അറിയിച്ചിരുന്നുവെന്ന് പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാൾ ജൂലൈയിൽ തന്നെ വ്യക്തമാക്കിയിരുന്നു.









