അരൂർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആർത്തുലസിച്ച് രാഹുൽ ഗാന്ധി. തുറവൂർ ക്ഷേത്രത്തിന് മുന്നിൽ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറ് വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. പഞ്ചാരിമേളം ആസ്വദക്കാനെത്തിയ അദ്ദേഹം ചെണ്ടക്കോലുകൾ വാങ്ങി പെരുവനത്തിന്റെ ചെണ്ടയിൽ താളമിട്ടു നോക്കി. കുറച്ചു നേരം ചെണ്ടയിൽ കൊട്ടിയ ശേഷം പെരുവനത്തെ പൊന്നാട അണിയിച്ച ശേഷമാണ് തുറവൂർ ക്ഷേത്രത്തിൽ നിന്നും രാഹുൽ ഗാന്ധി മടങ്ങിയത്.
ആലപ്പുഴയിലെ യാത്രയ്ക്കിടെ പുന്നമട കായലിൽ നടന്ന പ്രദർശന വളളംകളിയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. മത്സരത്തിന്റെ ഭാഗമായി വള്ളത്തിലിരുന്ന് ആവേശത്തോടെ ആഞ്ഞ് തുഴയുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രാഹുൽ ഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും വള്ളം തുഴഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി എത്തിയത് കാൽനട യാത്രയ്‌ക്കല്ല, വിനോദ സഞ്ചാരത്തിനാണ് എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്.
ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത് പുരോഗമിക്കുകയാണ്. നൂൽ പൊറോട്ട, മട്ടൻ ബിരിയാണി, ചിക്കൻ വരട്ടിയത്, മീൻ വറ്റിച്ചത്, അപ്പം, മാങ്ങയിട്ട മീൻ കറി, പനീർ മാങ്ങാക്കറി, പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, സാമ്പാർ, തോരൻ, പുളിശ്ശേരി, മെഴുക്ക് പുരട്ടി, പപ്പടം, തണുത്ത ഇളനീർ പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണമാണ് രാഹുൽ ഗാന്ധിയ്ക്കായി ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രയ്ക്കിടെ കക്കൂസ് തേടി അടുത്തുള്ള വീട്ടിൽ രാഹുൽ ഗാന്ധി കയറിയ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചിരിപടർത്തിയിരുന്നു.












