മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. മുംബൈയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ ആയിരുന്നു ഫട്‌നാവിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചേരാൻ മുൻ മുഖ്യമന്ത്രി കൂടിയായ ഫട്‌നാവിസിന് താൽപര്യമില്ലായിരുന്നുവെന്നും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നുളള സമ്മർദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നുവെന്നും നേരത്തെ മാദ്ധ്യമങ്ങൾ കഥകൾ മെനഞ്ഞിരുന്നു. എന്നാൽ ഈ കഥകളിൽ വാസ്തവമില്ലെന്നാണ് ഫട്‌നാവിസിന്റെ തുറന്നുപറച്ചിൽ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പദത്തിലേക്ക് ഷിൻഡെയുടെ പേര് കേന്ദ്ര നേതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചത് ഞാൻ ആണ്. അവർ അത് അംഗീകരിച്ചു. ഇക്കാര്യത്തിൽ താനുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനങ്ങളെടുത്തതെന്നും അതുകൊണ്ടു തന്നെ തനിക്ക് ഒരിക്കലും അത് ഞെട്ടിപ്പിക്കുന്ന സംഗതി അല്ലായിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു.
സർക്കാരുണ്ടാക്കാൻ ബിജെപി നടത്തിയ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് ഫട്‌നാവിസിന് ഉപമുഖ്യമന്ത്രി പദത്തിൽ ഇരിക്കേണ്ടി വന്നതെന്ന് വരുത്തിതീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിച്ചിരുന്നു. രാഷ്ട്രീയത്തിൽ നമുക്ക് പ്രാധാന്യം ലഭിക്കുന്നത് പദവിയിൽ അല്ല, മഹാരാഷ്ട്രയിൽ ആരോട് ചോദിച്ചാലും തന്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിച്ചോ നഷ്ടപ്പെട്ടോ എന്ന് കൃത്യമായി അറിയാമെന്നും ഫട്‌നാവിസ് പറഞ്ഞു.
തുടക്കത്തിൽ മന്ത്രിസഭയുടെ പുറത്ത് നിൽക്കാനായിരുന്നു തന്റെ തീരുമാനം. അധികാരത്തിന് വേണ്ടി കൈകോർത്തതാണെന്ന അഭിപ്രായങ്ങൾ ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്. എന്നാൽ തന്റെ അനുഭവസമ്പത്ത് സംസ്ഥാനത്തെ സർക്കാരിനെ മുൻപോട്ട് നയിക്കാൻ ആവശ്യമാണെന്ന അഭിപ്രായമാണ് തന്റെ നേതാക്കൾ പങ്കുവെച്ചതെന്നും അത് താൻ അനുസരിക്കുകയായിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു.









