പട്‌ന: ആഭിചാരം ആരോപിച്ച് 45 കാരിയെ ജീവനോടെ തീ കൊളുത്തി കൊന്നു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഒൻപത് സ്ത്രീകൾ അടക്കം 14 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീയാണ് കൊല്ലപ്പെട്ടത്. റിത ദേവി എന്നാണിവരുടെ പേരെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഐപിസി 302 ാം വകുപ്പ് പ്രകാരവും തീവെപ്പിന് 436 ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി അന്വേഷണവും റെയ്ഡും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗയ പോലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ പറഞ്ഞു. ഒരു മാസം മുൻപ് പച്ച്മാ ഗ്രാമത്തിൽ പർമേശ്വർ ഭൂയിയാൻ എന്നയാൾ അസുഖം മൂലം മരിച്ചിരുന്നു. റിതാ ദേവിയുടെ ആഭിചാര കർമ്മം മൂലമാണ് ഇയാൾ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഇവർക്കെതിരെ രംഗത്ത് വന്നിരുന്നു. ഇരുകൂട്ടരും ഇതേച്ചൊല്ലി വഴക്കും ഉണ്ടായതായി പോലീസ് പറഞ്ഞു. ഇതിനൊടുവിലായിരുന്നു ശനിയാഴ്ച റിതാ ദേവിയെ ജീവനോടെ ചുട്ടുകൊന്നത്.
ശനിയാഴ്ച പർമേശ്വർ ഭൂയിയാന്റെ ബന്ധുക്കൾ ഝാർഖണ്ഡിൽ നിന്നും ഒരു ആഭിചാര കർമ്മിയെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷം സ്ഥലത്ത് പഞ്ചായത്ത് ചേരുകയും സംഭവം ബഹളത്തിൽ കലാശിക്കുകയും ചെയ്തു. രംഗം പന്തിയല്ലെന്ന് കണ്ട് ആഭിചാരക്രിയയ്ക്ക് വന്നയാൾ മുങ്ങി. തുടർന്നാണ് പർമേശ്വർ ഭൂയിയാന്റെ ബന്ധുക്കൾ സംഘടിച്ച് റിതാ ദേവിയുടെ വീട്ടിലെത്തി അക്രമം നടത്തിയത്.
അക്രമികൾ വരുന്നത് കണ്ട് റിതാ ദേവിയുടെ വീട്ടുകാർ പുറത്തിറങ്ങി രക്ഷപെട്ടു. വീട് പൂട്ടിയത് കാരണം ഇവർക്ക് പുറത്തിറങ്ങാനായില്ല. പർമേശ്വർ ഭൂയിയാന്റെ ബന്ധുക്കൾ അകത്ത് കയറി റിതാ ദേവിയെ അബോധാവസ്ഥയിലാകുന്നത് വരെ മർദ്ദിച്ചു. തുടർന്നാണ് പെട്രോൾ ഒഴിച്ച് വീടിന് തീ കൊളുത്തിയത്. റിതാ ദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു.









