ലഖ്‌നൗ: അയോദ്ധ്യയിൽ തർക്ക മന്ദിരം തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.ഹാജി മഹ്മൂദ് അഹമ്മദ്, സയ്യിദ് അഖ്‌ലാഖ് അഹമ്മദ് എന്നീ രണ്ട് അയോധ്യ നിവാസികളാണ് അപ്പീൽ ഹർജി നൽകിയത്.
പ്രതികൾക്കെതിരായ വിചാരണയിൽ തങ്ങൾ സാക്ഷികളാണെന്നും തർക്ക കെട്ടിടം തകർത്തതിന്റെ ഇരകളാണെന്നും ആണ് ഇരുവരും അപ്പീൽ ഹർജികളിൽ വ്യക്തമാക്കുന്നത്. എന്നാൽ “രണ്ട് അപ്പീലുകൾക്കും ലോക്കസ് സ്റ്റാൻറി ഇല്ലെന്ന കണ്ടെത്തലിലാണ് കോടതി ഹർജി തള്ളിയത്. ഹർജിക്കാർ പരാതിക്കാരോ ഇരകളോ അല്ലെന്നും വിചാരണക്കോടതി വിധിക്കെതിരെ അപരിചിതർക്ക് അപ്പീൽ നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് ലോക്കസ് സ്റ്റാൻറി ഇല്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി.
അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ് സിംഗ്, മുതിർന്ന ബിജെപി നേതാക്കളായ എംഎം ജോഷി, ഉമാഭാരതി, വിനയ് കത്യാർ, ബ്രിജ് ഭൂഷൺ ശരൺ സിംഗ്, സാധ്വി ഋതംഭര എന്നിവർ കോടതി കുറ്റവിമുക്തരാക്കിയ നേതാക്കളിൽ ഉൾപ്പെടുന്നു.കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ അരുണേന്ദ്ര, സിബിഐ അഭിഭാഷകൻ ശിവ് ശുക്ല, വിഎച്പി നേതാവ് ചമ്പത് റായിയുടെ മുതിർന്ന അഭിഭാഷകൻ രാഘവേന്ദ്ര സിംഗ് എന്നിവർ ഹാജരായി.
1992 ഡിസംബർ 6-ന് ആണ് അയോദ്ധ്യയിൽ തർക്കമന്ദിരം തകരുന്നത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2020 സെപ്റ്റംബർ 30-ന് പ്രത്യേക സിബിഐ കോടതി കോസിൽ വിധി പ്രസ്താവിച്ചു. എല്ലാ പ്രതികളെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. ഈ വിധിക്കെതിരെയാണ്, രണ്ട് അയോധ്യ നിവാസികൾ അപ്പീൽ ഹർജി നൽകിയത്.
പത്ര കട്ടിങ്ങുകളും വീഡിയോ ക്ലിപ്പുകളും ആണ് ഇവർ ഹർജിയോടൊപ്പം തെളിവായി ഹാജരാക്കിയത്. ഇത് മാത്രം തെളിവായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കെട്ടിടം തകർത്തെന്ന് ആരോപിക്കുന്നവരുമായി ഈ പ്രതികൾ കൂടിക്കാഴ്ച നടത്തിയെന്നതിന് യാതൊരു തെളിവും ഹാജരാക്കാൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇക്കാരണത്താലാണ് വിചാരണകോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും കോടതി ആവർത്തിച്ചു. മതിയായ തെളിവുകൾ ഉള്ളപ്പോൾ പ്രതികളെ ശിക്ഷിക്കാത്തതിൽ വിചാരണക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന ഹർജിക്കാരുടെ വാദത്തിനാണ് കോടതി മറുപടി നൽകിയത്.
Discussion about this post