ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 73.23 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കിലാണ് ഈ ശതമാനം. 66 ശതമാനമായിരുന്നു പ്രാഥമിക കണക്ക്. മുഴുവൻ ബൂത്തുകളിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കണക്കിലെടുത്താണ് അന്തിമ കണക്ക് പുറത്തുവിട്ടത്.
തുടക്കം മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. ആദ്യ മണിക്കൂറിൽ അഞ്ച് ശതമാനം മാത്രമായിരുന്നു പോളിങ്. രാവിലത്തെ തണുപ്പിൽ ജനങ്ങൾ ബൂത്തിലെത്താൻ മടിച്ചതാണ് ഇതിന് കാരണം. എന്നാൽ 11 മണിയോടെ പോളിങ് 19.98 ശതമാനത്തിലെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ 37.19 ശതമാനമായി ഉയർന്നു. 3 മണിയോടെ പോളിങ് 55.65 ശതമാനത്തിലെത്തി.
സോളനിലാണ് ഏറ്റവും കൂടുതൽ പോളിങ് (76.82 ശതമാനം) രേഖപ്പെടുത്തിയത്. ഷിംലയിൽ 69.88 ശതമാനവും ഉനയിൽ 76.69 ശതമാനവും കുളുവിൽ 76.15 ശതമാനവും പോളിങ് രേഖപ്പെടുത്തി.
സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വിധിയെഴുത്ത് നടന്നത്. 412 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ 7884 പോളിങ് ബൂത്തുകളായിരുന്നു സജ്ജീകരിച്ചത്.
Discussion about this post