ഇന്തോനേഷ്യ: ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിർണായക കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യകൾ പോലുള്ള സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണമാണ് കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തത്. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെ സംബന്ധിച്ചും ഇരു നേതാക്കളും അഭിപ്രായം പ്രകടിപ്പിച്ചു. നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുക, ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്, I2U2 (ഇന്ത്യ, ഇസ്രായേൽ, യുഎസ്, യു.എ.ഇ) സഹകരണം ആഴത്തിലാക്കുക എന്നിവയാണ് പ്രധാന ചർച്ചാവിഷയമായത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആണ് കൂടിക്കാഴ്ച സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ഉക്രെയ്ൻ യുദ്ധവും ഭക്ഷ്യ-ഊർജ്ജ സുരക്ഷയിലുണ്ടായ വീഴ്ചയും ഇരു നേതാക്കളും ചർച്ചചെയ്തു. ഇക്കാര്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സൂചന നൽകിയിട്ടില്ല. നിർണായകമായ സാങ്കേതികവിദ്യകൾ, നൂതന കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ആഴത്തിലാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ആഗോള, പ്രാദേശിക സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു, ഇ
ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈഡനോട് നന്ദി അറിയിച്ചു. “ബാലിയിലെ ജി20 ഉച്ചകോടിയിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.ഫലപ്രദമായ ആശയവിനിമയം നടന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ഉച്ചകോടിക്കിടെ മോദിയും ബൈഡനും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യ ശക്തമായ പിന്തുണ നൽകുമെന്ന് മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയെ അറിയിച്ചു. ദുർബല രാജ്യങ്ങളെ സഹായിക്കുക, അവർക്കായുള്ള വികസന പദ്ധതികളെ പിന്തുണയ്ക്കുക. സാമ്പത്തിക സുരക്ഷയും ആഗോള വിതരണ ശൃംഖലയും ശക്തിപ്പെടുത്തുക, ബഹുമുഖ ധനകാര്യ സ്ഥാപനങ്ങൾക്കായി മെച്ചപ്പെട്ട ധനസഹായ മാതൃകകൾ വികസിപ്പിക്കുക എന്നീ കാര്യങ്ങൾക്ക് ജി 20 യുടെ പങ്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികൾക്ക് ജി20 പരിഹാരം കാണും.
ആഗോള വെല്ലുവിളികളെ അതിജീവിക്കുന്നതിനായി പ്രധാന സമ്പദ്‌വ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരണമെന്നും ഇതിനായി ജി 20 പ്രാധാന്യം നൽകുമെന്നും മോദി അടിവരയിട്ടു. ഇന്ത്യയുടെ അദ്ധ്യക്ഷതയ്ക്ക് കീഴിലുള്ള ജി20 യുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയ്ക്ക് വിഡോഡോയ്ക്കും ബൈഡനും അദ്ദേഹം നന്ദി പറഞ്ഞു.
ബാലിയിൽ നടക്കുന്ന ഉച്ചകോടിയുടെ സമാപനത്തിൽ ജി20യുടെ പ്രസിഡന്റായി ഇന്ത്യ ഇന്തോനേഷ്യയിൽ നിന്ന് ചുമതലയേൽക്കും. വികസ്വര രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളായ ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഉക്രെയ്‌ൻ യുദ്ധാനന്തരം കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയെ അഭിസംബോധന ചെയ്യുന്നതായിരിക്കും ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യൻ പ്രസിഡന്റ് വിഡോഡോ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പെരസ് കാസ്റ്റെജോൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
Discussion about this post