ടെൽ അവീവ്: ലോക കപ്പ് മത്സരങ്ങൾക്കിടെ ഖത്തറിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൻറെ വെളിപ്പെടുത്തൽ. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തലവൻ മേജർ ജനറൽ അഹറോൺ ഹലീവയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇറാനിൽ നടക്കുന്ന വലിയ പ്രതിഷേധ സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും മദ്ധ്യപൂർവേഷ്യൻ മേഖലയിൽ അസ്തിരത ഉണ്ടാക്കാനും ആണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. മഹസാ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രതിഷേധം ഭരണകൂടത്തിൻറെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ്. ഇതിൽ നിന്ന് ശ്രദ്ധതിരിക്കേണ്ടത് ഇറാനിയൻ മതഭരണകൂടത്തിൻറെ ആവശ്യമായതിനാലാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതെന്ന് മേജർ ജനറൽ ഹലീവ പറഞ്ഞു. ഇസ്രായേൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് നാഷണൽ സെക്യൂരിറ്റിയുടെ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ .
തലമുടി മുഴുവനായും മറച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ടെഹറാനിലെ ഒരു ഷോപ്പിംഗ് സെൻററിൽ സഹോദരനോടൊപ്പം നിൽക്കുകയായിരുന്ന മെഹസ അമീനിയെ മതപോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ ബോധരഹിതയായ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇതിന് ശേഷം മത ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇറാനിൽ ഉയരുന്നത്.
ലോകകപ്പ് മത്സരത്തിന് മുൻപ് ഇറാനിയൻ ഫുട്ബോൾ ടീം അംഗങ്ങൾ ഇറാൻ ദേശീയ ഗാനം ആലപിക്കാതെ മൌനം പാലിച്ചത് ഞെട്ടലുള്ള കാഴ്ചയായിരുന്നു. ഇറാനിലെ ഷിയാ ഭരണകൂടവും ഖത്തറിലെ സുന്നി ഭരണകൂടവും തമ്മിൽ പൊതുവെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് എങ്കിലും അടുത്തിടെ ഖത്തർ ഇസ്രായേലുമായി അടുത്തത് ഇറാന് അതൃപ്തിയുണ്ടാക്കിയിരുന്നു.
ലോകകപ്പ് വേദികളിലും സ്റ്റേഡിയത്തിന് പുറത്തും ഇറാൻ മതഭരണത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഖത്തർ തടഞ്ഞിട്ടില്ല. ഇക്കാരണവും ഇറാൻറെ അതൃപ്തിയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഖത്തറിനെ ആക്രമിച്ചാൽ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇറാനിയൻ മതഭരണകൂടത്തിന് മേൽകൈ ലഭിച്ചേക്കാം എന്നാണ് അവർ വിശ്വസിക്കുന്നത്. യുഎഇ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ ഖത്തർ ഭരണകൂടത്തിൻറെ ശത്രുക്കളായതിനാൽ ഇപ്പോൾ ഒരു ആക്രമണമുണ്ടായാൽ അവർ ഇടപെടില്ല എന്നുള്ളത് ഇറാനിന് മുൻതൂക്കം നൽകുന്നുണ്ട്.
ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികൾക്ക് നേതൃത്വം നൽകുന്ന ഇസ്രായേൽ രഹസ്യാന്വേഷണ മേധാവി തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത് ഗൌരവകരമായാണ് ലോകം കാണുന്നത്. വ്യക്തമായ തെളിവില്ലാതെ ഇസ്രായേൽ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തില്ല. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങളെല്ലാം വളരെ ആശങ്കയോടെയാണ് ഈ പ്രസ്താവനയെ കാണുന്നത്.പദ്ധതി പുറത്തുവന്നത് കൊണ്ട് ആക്രമണത്തിന് ഇറാൻ ഭരണകൂടം മുതിരില്ല എന്ന പ്രതീക്ഷയും ലോകരാജ്യങ്ങൾക്കുണ്ട്.
Discussion about this post