ലണ്ടൻ: പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം. വേറെ ഏത് രാജ്യത്തേക്ക് പോയാലും ഷമീമയെ അവിടുത്തെ സർക്കാരുകൾ വധശിക്ഷയ്ക്ക് വിധിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. രക്ഷിതാക്കളുടെ ജൻമനാടായ ബംഗ്ലാദേശിലെത്തിയാൽ പോലും ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നാണ് അഭിഭാഷകൻ യുകെ സുപ്രിംകോടതിയെ അറിയിച്ചത്.
ജൻമം കൊണ്ട് ബ്രിട്ടീഷു കാരിയാണെങ്കിലും മാതാപിതാക്കൾ ബംഗ്ലാദേശികളായതിനാൽ ഷമീമയ്ക്ക് ബംഗ്ലാദേശി പാസ്പോർട്ട് ഉണ്ടെന്നും അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പൌരത്വം റദ്ദാക്കിയാൽ അവൾ രാജ്യമില്ലാത്ത ആളായി മാറുന്നില്ല എന്നുമാണ് ബ്രിട്ടീഷ് സർക്കാരിൻറെ വാദം. എന്നാൽ ബംഗ്ലാദേശിലേക്ക് പോയാൽ ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നും അതുകൊണ്ട് പൌരത്വം വീണ്ടും അനുവദിക്കണമെന്നുമാണ് അഭിഭാഷകൻറെ കോടതിയിൽ ആവശ്യപ്പെടുന്നത്.
ഷമീമയുടെ യുകെ പൌരത്വം 2019ൽ ബ്രിട്ടീഷ് ഗവൺമെൻറ് റദ്ദാക്കിയിരുന്നു.അതിനെതിരെ ഷമീമ നൽകിയ അപ്പീൽ ഹർജിയിലാണ് വാദം നടക്കുന്നത്. തനിക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കണമെന്നും പൌരത്വം അനുവദിക്കണമെന്നുമാണ് ഷമീമയുടെ ആവശ്യം. ഷമീമ ബീഗത്തെ യുകെയിൽ തിരിച്ചെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിച്ചു കൊണ്ടുവരേണ്ട എന്നുതന്നെയാണ് യുകെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാട്.
സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഷമീമ താമസിക്കുന്നത്. 2015ൽ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചപ്പോൾ യുകെയിൽ നിന്ന് തുർക്കിവഴി സിറിയയിൽ ഭീകരപ്രവർത്തനത്തിന് പോയതാണ് ഷമീമ. സിറിയയിൽ ഐഎസ് ഭീകരർ തടവിലാക്കുന്ന സ്ത്രീകളെ മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇസ്ലാമിക പോലീസിൽ ആയിരുന്നു ഷമീമയുടെ ജോലി. ചാവേറുകളുടെ ദേഹത്ത് ഒരിക്കലും അഴിച്ചുമാറ്റാൻ ആകാത്ത വിധം ബെൽറ്റ്ബോംബുകൾ ഘടിപ്പിക്കുന്നതും ഷമീമയുടെ ജോലിയായിരുന്നു.
യുകെയിലേക്ക് തിരിച്ച് വരണം എന്ന് അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നടന്ന ചാവേർ ബോംബാക്രമണത്തെ അനുകൂലിക്കുന്നുവെന്നും ഇസ്ലാമിക സ്റ്റേറ്റിൻറെ മൂല്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ഷമീമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൻറെ അഴിമതിയും ഇസ്ലാമിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനുവുമാണ് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഷമീമയും പറയുന്നത്. യസീദി യുവതികളെ ഐഎസ് ഭീകരർ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനെയും ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഷമീമയുടെ മറുപടി.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും വധശിക്ഷ നിരോധിച്ചിരിക്കുന്നത്കൊണ്ട് ഏതുവിധേനയും ഏതെങ്കിലും യൂറോപ്യാൻ രാജ്യത്തോ സമാനമായി വധശിക്ഷ ഇളവുചെയ്ത മറ്റേതെങ്കിലും രാജ്യത്തോ അഭയം തേടാൻ അനേകം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെയെങ്കിലും ജീവന് ഭീഷണിയുണ്ട് എന്ന് വാദിച്ചാൽ പല യൂറോപ്യൻ രാജ്യങ്ങളിലും ചെയ്ത കുറ്റകൃത്യം കണക്കാക്കാതെ അഭയാർത്ഥികളായി സ്വീകരിക്കാറുമുണ്ട്. ഇത്തരത്തിലുള്ള അഭയാർത്ഥി നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആ രാജ്യങ്ങളിൽ കുടിയേറി അവിടെ തന്നെ ഭീകരാക്രമണങ്ങൾ നടത്തുന്ന അനേകം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ മാഞ്ചസ്റ്ററിൽ ഇരുപത്തി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണം നടത്തിയത് ഇത്തരത്തിൽ അഭയാർത്ഥിയായ ലിബിയൻ ഭീകരനായിരുന്നു.










