കൊച്ചി ; അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് കൊണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നു വിവരം . എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചത്. ജീവനോടെ ഇനി ബന്ധുക്കളെ കാണാനാകുമോ എന്നു പേടിച്ചു പോയിരുന്നെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.
കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ ജീവനക്കാർ വിവരം യാത്രക്കാരുമായി പങ്കുവെച്ചു.കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാവണമെന്ന് നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യവുമുണ്ടായി. കോഴിക്കോട് ലാൻഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാൻഡു ചെയ്യാൻ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.
മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം ലാൻഡ് ചെയ്തത്. അപ്പോഴേക്കും യാത്രക്കാരിലധികവും ജീവഭയത്താൽ തളർന്നിരുന്നു.ജാഗ്രതാ നിർദേശത്തെ തുടർന്ന് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ വിമാനത്താവളം സർവ സജ്ജമാക്കിയതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. എട്ടര വരെയുള്ള സമയത്തേക്ക് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എങ്കിലും 7.19നു വിമാനം സുരക്ഷിതമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിൻവലിക്കുകയായിരുന്നു. യാത്രക്കാരെ എല്ലാം ടെർമിനലിലേക്കു മാറ്റി കഴിഞ്ഞു.
കോഴിക്കോടേക്കു പോകേണ്ട യാത്രക്കാരെ ദുബായിൽ നിന്നെത്തുന്ന എസ്ജി 17 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുമെന്നു സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ റൺവേ പരിശോധനകൾക്കു ശേഷം സാധാരണ ഗതിയിലേക്കു മാറിയതായും അദ്ദേഹം അറിയിച്ചു.











