ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ പതിവെങ്കിലും ബ്രസീലിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ പകച്ച് ആരാധകര്‍. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കാമറൂണിന്റെ കലക്കന്‍ ജയം. ഇതോടെ ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ചരിത്ര നേട്ടവും കാമറൂണിന് സ്വന്തമായി.
പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കാമറൂണിന്റെ മടക്കം. തോല്‍വി വഴങ്ങിയിട്ടും ഗ്രൂപ്പ് ജിയിലെ ജേതാക്കളായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്‍ജുറി ടൈമില്‍ വിന്‍സന്റ് അബൂബക്കറാണ് കാമറൂണിനായി ഏകപക്ഷിയ ഗോള്‍ നേടിയത്. മിന്നുന്ന ഹെഡറിലൂടെ വിജയഗോള്‍ നേടിയ വിന്‍സെന്റ് ജഴ്‌സിയൂരി ആരാധകരെ ആവേശഭരിതരാക്കി, തുടര്‍ന്ന് കളിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും കണ്ട് പുറത്താവുകയും ചെയ്തു.
ലോകകപ്പില്‍ 1994, 2014 വര്‍ഷങ്ങളിലാണ് ബ്രസീല്‍ കാമറൂണിനെ പരാജയപ്പെടുത്തിയിരുന്നത്. ഇതാദ്യമായി ഒരു ആഫ്രിക്കന്‍ ടീമിനെതിരെ ബ്രസീല്‍ തോല്‍വിയുടെ കയ്പറിഞ്ഞു. ലോകകപ്പില്‍ 2002നു ശേഷം കാമറൂണ്‍ നേടിയ ആദ്യ ജയം മഞ്ഞപ്പടയ്‌ക്കെതിരെയാണെന്നതും അവരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ലോകചാംപ്യന്‍മാര്‍ക്കെതിരെ കരുത്ത് തെളിയിച്ചാണ് 2022ലെ ലോകപ്പില്‍ നിന്നും ആഫ്രിക്കന്‍ ടീം നാട്ടിലേക്ക് തിരിക്കുന്നത്.








