മുംബൈ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആശ്രമത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ നിന്നും അറസ്റ്റിലായി. പശ്ചിമ ബംഗാളിൽ അക്രമം നടത്തിയ ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് മുംബൈയിലേക്ക് രക്ഷപ്പെട്ട പ്രതികളെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് ആണ് ദിയോനാർ പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടയിൽ പിടികൂടിയത് . ഷമീം അഹമ്മദ് അബ്ദുൾ റാഷിദ് (40), ജമീൽ അക്തർ അലി (43), അഫ്താബ് അൻവർ ഖുർഷിദ് അൻവർ (44) എന്നിവരാണ് പിടിയിലായിരിക്കുന്നത് എന്ന് മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് റോക്കി ഖാൻ (24), ഷഹാദത്ത് സർക്കാർ (35) എന്നീ രണ്ട് പ്രതികളെ മുംബൈ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെത്തുടർന്ന് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മുംബൈ ക്രൈംബ്രാഞ്ച് മൂവരെയും കൂടുതൽ അന്വേഷണത്തിനായി പശ്ചിമ ബംഗാൾ പോലീസിന് കൈമാറി.
മെയ് 14-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രദേശത്ത് നിലനിന്നിരുന്ന വലിയ തോതിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായാണ് ബോംബേറ് നടന്നത്. മുർഷിദാബാദിലെ മാജിഹിപാരയിലുള്ള ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമുള്ള ആശ്രമത്തിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ഒരു രാഷ്ട്രീയ ബാനർ ചില അജ്ഞാതർ കീറിനശിപ്പിച്ചതിന് പിന്നാലെ ഉണ്ടായ തർക്കങ്ങൾ ആയിരുന്നു സംഭവത്തിലേക്ക് നയിച്ചത്. ബോംബാക്രമണത്തിന് പിന്നാലെ പ്രതികൾ ഹൗറയിൽ നിന്നും ഗീതാഞ്ജലി എക്സ്പ്രസ് വഴി മുംബൈയിലേക്ക് കടന്നതായി ബംഗാൾ പോലീസിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരം ഉടൻ തന്നെ മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.








