എച്ച്ഐവി- എയ്ഡ്സ് എന്ന മാരകരോഗത്തെ മനുഷ്യരാശി കൈപ്പിടിയിൽ ഒതുക്കുന്നു. കഴിഞ്ഞ 50 വർഷമായി മാനവരാശിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്ന എച്ച്ഐവി വൈറസിനെതിരെയുള്ള ഫലപ്രദമായ വാക്സിൽ കണ്ടെത്തിയെന്ന് അമേരിക്കൻ ഗവേഷകർ അറിയിച്ചു. ലോക പ്രശസ്ത ശാസ്ത്ര ജേർണലായ സയൻസിലാണ് ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചത്.
മനുഷ്യൻറെ രോഗ പ്രതിരോധ ശക്തിയെ തന്നെ ആക്രമിച്ച് കീഴടക്കുന്ന വൈറസാണ് എച്ച്ഐവി.അതുകൊണ്ടുതന്നെ ആ വൈറസിനെ ശരീരത്തിന് കീഴ്പ്പെടുത്താനാവില്ല. ഇക്കാരണത്താലാണ് ഇത്രയും കാലമായിട്ടും ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പ് (വാക്സിൻ) കണ്ടുപിടിക്കാൻ സാധിക്കാതിരുന്നത്.
അടുത്തിടെ ആനറി വൈറൽ മരുന്നുകൾ ഉപയോഗിച്ച് ഏറെക്കുറെ ഫലപ്രദമായി തന്നെ ആ രോഗത്തെ നിയന്ത്രിച്ച് നിർത്താൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായും രോഗം ഭേദമാക്കാനോ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിരുന്നില്ല.
വൈദ്യ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ നാഴികകല്ലായി ഈ പുതിയ കണ്ടുപിടിത്തത്തെ വിലയിരുത്തപ്പെടുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. Germline Targeting എന്ന രീതി ഉപയോഗിച്ചാണ് പുതിയ വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. ശരീരത്തിലെ ബി- ലിംഫോസൈറ്റുകളെ ഉത്തേജിപ്പിച്ച് എച്ച്ഐവി വൈറസിനെതിരെ പ്രതിരോധത്തിന് സജ്ജരാക്കുക എന്നതാണ് ഈ രീതി.
ലോകത്താകെ നാല്പത് ദശലക്ഷത്തോളം പേർ എച്ച്ഐവി രോഗബാധിതരാണെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും വൻതോതിലാണ് എച്ച്ഐവി പടർന്നുപിടിക്കുന്നത്. രണ്ടാം ഘട്ട മൂന്നാം ഘട്ട പരീക്ഷണങ്ങൾ വിജയിച്ച് പുതിയ വാക്സിൻ പുറത്തിറങ്ങിയാൽ എച്ച്ഐവി എയ്ഡ്സ് എന്ന രോഗത്തിനെ പൂർണ്ണമായും ലോകത്ത് നിന്ന് തുടച്ചുനീക്കാനാവുമെന്നാണ് ഗവേഷകർ കരുതുന്നത്.
Discussion about this post