ശ്രീനഗർ: ജെയ്ഷെ മുഹമ്മദ് കമാൻറർ ആഷിഖ് നെംഗ്രൂവിൻറെ വീട് തകർത്ത് കശ്മീർ ഭരണകൂടം. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ വീടാണ് അധികൃതർ തകർത്തത്. പാക് സൈനികരുടെ സഹായത്തോടെ അതിർത്തിയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായിക്കുന്നത് ആഷിഖ് നെംഗ്രൂവാണ്. പാകിസ്താൻറെ റിമോർട്ട് കൺട്രോളായി പ്രവർത്തിക്കുന്ന ഇയാൾ കശ്മീരിൽ ഭീകരവാദം പ്രചരിപ്പിക്കുന്നതിനും മുൻപന്തിയിലാണ്.
പാകിസ്താനിൽ നിന്ന് ഭീകരരെ രാജ്യത്തേക്ക് എത്തിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ ആഷിഖ് നെംഗ്രൂവിനെ യുഎപിഎ നിയമ പ്രകാരം നേരത്തെ തന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ വിവിധ ഭീകരാക്രണത്തിനും പിന്നിലും ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.
35 കാരനായ ആഷിഖ് നെംഗ്രു ഇപ്പോൾ കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് കടന്നതായും പ്രദേശവാസികൾ പറയുന്നു. രാജ്‌പോരയിലെ ന്യൂ കോളനിയിൽ സർക്കാർ ഭൂമിയിലാണ് ആഷിഖിൻറെ ഇരുനില വീട്. പോലീസിന്റെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടമാണ് ഇത് പൊളിച്ചുനീക്കിയത്.
ഭീകരരെ അതിർത്തി കടക്കാൻ സഹായിച്ചതിന് നീഗ്രൂവിന്റെ സഹോദരൻ റിയാസ് അഹമ്മദ് ജയിലിലാണ് . ഇയാൾക്കെതിരെയുള്ള കേസ് എൻഐഎ ആണ് അന്വേഷിക്കുന്നത്. 2018-ൽ ആണ് റിയാസ് അഹമ്മദ് ട്രക്കിൽ ഭീകരരെ അതിർത്തി കടക്കാൻ സഹായിച്ചത്. 2013ൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ മറ്റൊരു സഹോദരൻ കൊല്ലപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post