നാഗ്പൂർ: രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് നിർവ്വഹിച്ചത്. നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവ്വീസ് നടത്തുക.
ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം തീവണ്ടിയിൽ കയറി യാത്രക്കാരോടും ജീവനക്കാരോടും പ്രധാനമന്ത്രി സംവദിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ഇരു സ്ഥലങ്ങളും തമ്മിലുളള കണക്ടിവിറ്റി വന്ദേഭാരതിലൂടെ കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം കുറിച്ചു.
നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ വിവിധ നിർമാണ പ്രവർത്തനങ്ങളും പ്രധാനമന്ത്രിയും ഏക്‌നാഥ് ഷിൻഡെയും വിലയിരുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും ഒപ്പം ഉണ്ടായിരുന്നു.

മഹാരാഷ്ട്രയ്ക്ക് അനുവദിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയാണിത്. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്ക് അഞ്ചര മണിക്കൂർ കൊണ്ട് വന്ദേഭാരത് ഓടിയെത്തും. റായ്പൂർ, ദുർഗ്, ഗോൺഡിയ എന്നിവിടങ്ങളിൽ ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ടാകും.

രാവിലെ നാഗ്പൂരിലെത്തിയ മോദിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി, കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ, കേന്ദ്ര സഹമന്ത്രി റാവുസാഹെബ് ദൻവെ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഡൽഹി – വാരണാസി പാതയിലായിരുന്നു ആദ്യ വന്ദേഭാരത് തീവണ്ടി അനുവദിച്ചത്. ഇതിന് ശേഷം അതിവേഗമാണ് ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസും സർവ്വീസ് ആരംഭിക്കുന്നത്. ഡൽഹി- കത്ര, മുംബൈ- ഗാന്ധിനഗർ, ഉന- ഡൽഹി പാതകളിലാണ് നിലവിൽ ബാക്കി വന്ദേ ഭാരത് എക്‌സ്പ്രസുകൾ സർവ്വീസ് നടത്തുന്നത്.








