ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വിന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗ് ഉൾപ്പെടെ അവകാശവാദം ഉന്നയിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വിന്ദർ സിംഗ് സുഖുവിനെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നൽകിയതിന് കോൺഗ്രസിനോടും ഗാന്ധി കുടുംബത്തോടും നന്ദിയുണ്ടെന്ന് സുഖ് വിന്ദർ സിംഗ് പറഞ്ഞു.
രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയും അടക്കമുളളവർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. ചടങ്ങിന് മുൻപ് പ്രതിഭാ സിംഗിനെ വസതിയിലെത്തി സുഖ് വിന്ദർ സിംഗ് സുഖു സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാം മുഖ്യമന്ത്രിയായിട്ടാണ് 58 കാരനായ സുഖു സത്യപ്രതിജ്ഞ ചെയ്തത്. ഹാമിർപൂർ ജില്ലയിൽ നിന്നും മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവാണ് സുഖു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ അംഗീകരിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുകേഷ് അഗ്നിഹോത്രി പറഞ്ഞു. ഓൾഡ് പെൻഷൻ പദ്ധതി പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി കൂടിയായ വീർഭദ്ര സിംഗിന്റെ പത്‌നിയാണ് പ്രതിഭാ സിംഗ്. വീർഭദ്രസിംഗിന്റെ നേട്ടങ്ങൾ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഏറെ ഉപയോഗിച്ചുവെന്നും അദ്ദേഹത്തെ മറക്കരുതെന്നുമായിരുന്നു പ്രതിഭയുടെ വാദം. അനുയായികളെ പരസ്യമായി രംഗത്തിറക്കി കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും അവർ ശ്രമിച്ചിരുന്നു.
എന്നാൽ എംപിയായതിനാൽ പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ സംസ്ഥാനത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാദ്ധ്യത കുറവാണെന്ന ഭയവും പ്രതിഭയെ ഒഴിവാക്കാൻ കാരണമായി.
മകൻ വിക്രമാദിത്യ സിംഗിനെ ഉപമുഖ്യമന്ത്രിയാക്കി പ്രതിഭയെ അനുനയിപ്പിക്കാനുളള നിർദ്ദേശവും ഉയർന്നിരുന്നു. എന്നാൽ ഇതും നടപ്പിലായില്ല. അതുകൊണ്ടു തന്നെ പാർട്ടി തീരുമാനത്തിൽ അവർ അതൃപ്തയാണെന്ന സൂചനകളും അനുയായികൾ നൽകുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരം പിടിച്ചത്.








