തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നടക്കുന്ന വേദിക്ക് മുൻപിൽ സ്ലാബ് മൂടാത്ത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. വട്ടിയൂർകാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഐഎഫ്എഫ്‌കെയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിന് തൊട്ടുമുൻപിലാണ് അപകടം നടന്ന സ്ഥലം.
ഇരുവശങ്ങളിലേക്കും എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് നടുവിലായി മീഡിയന് മുകളിൽ സ്ലാബുകൾ ഇട്ട് മൂടാത്ത ഭാഗമാണ് അപകടത്തിനിടയാക്കിയത്. റോഡ് ക്രോസ് ചെയ്ത് ചായ കുടിക്കാനായി മറുവശത്തേക്ക് വരുന്നതിനിടെയാണ് കുഴിയിൽ
വീണത്. സംഭവം കണ്ടുനിന്നവരാണ് ഓടിയെത്തി ഇയാളെ പുറത്തെടുത്തത്. പരിക്കുകൾ പറ്റിയെങ്കിലും ഗുരുതരമല്ല.
ഏത് സമയത്തും അപകടം വരാവുന്ന രീതിയിലാണ് ഓടയുടെ കുറച്ചുഭാഗത്ത് സ്ലാബുകൾ ഇല്ലാതെ കിടക്കുന്നത്. നാലോളം സ്ലാബുകളുടെ കുറവാണുളളത്. അപകടത്തിൽപെടുന്നവർ ഏകദേശം ഒരാൾ താഴ്ചയുളള കുഴിയിലേക്കാണ് വീഴുക. റോഡിലെ വാഹന തിരക്ക് കാരണം ആളുകൾ സ്ലാബില്ലാത്തത് പെട്ടന്ന് ശ്രദ്ധിക്കുകയുമില്ല.
ഐഎഫ്എഫ്‌കെ പോലുളള പരിപാടി നടക്കുമ്പോൾ ഇത്തരത്തിൽ ഗുരുതരമായ കൃത്യവിലോപം കാട്ടുന്നതിനെതിരെ സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.













Discussion about this post