കോട്ട: കോട്ടയിലെ പ്രശസ്ത കോച്ചിംഗ് സ്ഥാപനങ്ങളില്‍ മത്സരപരീക്ഷയ്ക്ക് പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഭരത് സിംഗ് കുന്ദന്‍പൂര്‍ രംഗത്ത്. കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നും അതിനാലാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചിട്ടും സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകാത്തതെന്നും ഭരത് സിംഗ് കുറ്റപ്പെടുത്തി.
മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തമായ രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിംഗ് സ്ഥാപനങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച കോളെജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്ന എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും എത്തുന്നത്. എന്നാല്‍ കോച്ചിംഗ് സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പതിനാറും പതിനേഴും പതിനെട്ടും വയസ്സുള്ള മൂന്ന് വിദ്യാര്‍ത്ഥികളാണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ഇവര്‍ അതിയായ സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ഇവരുടെ ആത്മഹത്യകളില്‍ കോച്ചിംഗ് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭരത് സിംഗ് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. കോട്ടയിലെ കോച്ചിംഗ് ലാഭം കൊയ്യുന്ന ബിസിനസ് ആണെന്നും വിജയമുണ്ടാക്കാനുള്ള തത്രപ്പാടില്‍ കോച്ചിംഗ് സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ഈ വര്‍ഷം കോട്ടയില്‍ 14 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ 19 വിദ്യാര്‍ത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. 2016ല്‍ 17പേരും ആത്മഹത്യ ചെയ്തു. ഇവിടങ്ങളിലെ കോച്ചിംഗ് സ്ഥാപനങ്ങളിലെ മണിക്കൂറുകള്‍ നീണ്ട ക്ലാസ്, അസൈന്‍മെന്റുകള്‍, കടുപ്പമുള്ള ഇന്റേണല്‍ പരീക്ഷകള്‍ എന്നിവ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച അധ്യാപകര്‍ ക്ലാസ് എടുക്കുന്ന മികച്ച ബാച്ചിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന രീതിയും വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണ്.









Discussion about this post