ചെന്നൈ: ഇന്ന് രാവിലെയാണ് തമിഴ് താരവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ സംസ്ഥാനത്തെ കായികമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്തിയായതിന് പിന്നാലെ താനിനി അഭിനയരംഗത്തേക്ക് ഇല്ലെന്നും രാഷ്ട്രീയത്തില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും വ്യക്തമാക്കിയിരിക്കുകയാണ് എം കരുണാനിധിയുടെ കൊച്ചുമകനും ഡിഎംകെയിലെ ഉദിച്ച് വരുന്ന യുവനേതാവുമായ ഉദയനിധി.
നിരവധി തമിഴ്ചിത്രങ്ങളില്‍ നായകനായി വേഷമിട്ടിട്ടുള്ള ഉദയനിധി കഴിഞ്ഞ വര്‍ഷം നടന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിില്‍പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി ആയിരുന്ന ഉദയനിധി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു നേതൃത്വവും. മാസങ്ങളായി ഉദയനിധിക്കായി മന്ത്രിസ്ഥാനം കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും അഭിനയത്തിരക്കുകള്‍ അവസാനിപ്പിക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു ഡിഎംകെ നേതൃത്വം.
അതേസമയം ഉദയനിധിയുടെ മന്ത്രിസ്ഥാനത്തെ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെന്നാണ് എതിരാളികളായ എഐഎഡിഎംകെ വിശേഷിപ്പിച്ചത്. ആദ്യമായി എംഎല്‍എ ആയ ഒരാള്‍ക്ക് മന്ത്രി സ്ഥാനം കിട്ടിയതാണ് ആ വിമര്‍ശനത്തിന് ആധാരം. എന്നാല്‍ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും വിമര്‍ശകര്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കുമെന്നും ഉദയനിധി പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം പണിയാന്‍ പദ്ധിയിടുന്നുണ്ടെന്നും പുതിയ കായികമന്ത്രി പറഞ്ഞു. സിനിമയിലേക്ക് ഇനിയുണ്ടാകില്ലെന്നും ഒരു ദേശീയമാധ്യമത്തോട് ഉദയനിധി വെളിപ്പെടുത്തി. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമണ്ണന്‍ ആണ് അവസാനത്തെ സിനിമ. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി നടനും നിര്‍മ്മാതാവുമായ കമലഹാസന്റെ ഓഫര്‍ പോലും വേണ്ടെന്ന് വെച്ചതായും ഉദയനിധി വെളിപ്പെടുത്തി.
Discussion about this post