ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനേഴുകാരിക്ക് മേല്‍ ആസിഡ് ഒഴിച്ച പ്രതിയെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ അളക്കാനാകാത്ത വേദനയുടെ ഭയം ഉണ്ടാകണമെന്നും മുന്‍ ക്രിക്കറ്റ്താരം കൂടിയായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ ഇന്നലെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മുഖംമൂടിധാരികളായ രണ്ടുപേരില്‍ ഒരാളാണ് പെണ്‍കുട്ടിയുടെ നേര്‍ക്ക് ആസിഡ് ഒഴിച്ചത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് എട്ട് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും സഫ്ദര്‍ജുംഗ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. പ്രത പെണ്‍കുട്ടിക്ക് മേല്‍ നൈട്രിക് ആസിഡ് ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
‘വാക്കുകളിലൂടെ നീതി നല്‍കാനാകില്ല. ഈ മൃഗങ്ങളില്‍ അളക്കാനാകാത്ത വേദനയുടെ ഭയമാണ് കുത്തിവെക്കേണ്ടത്. പെണ്‍കുട്ടിക്ക് മേല്‍ ആസിഡ് ഒഴിച്ച പ്രതിയെ അധികൃതര്‍ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കണം’, കിഴക്കന്‍ ഡെല്‍ഹിയില്‍ നിന്നുള്ള എംപിയായ ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post