ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ ചുവന്ന കണ്ണുകള്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത് ചൈനീസ് കണ്ണടയിലൂടെയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളും തള്ളിയതിന്റെ രോഷമാണ് മല്ലികാര്‍ജ്ജുന്‍ വാക്കുകളില്‍ പ്രതിഫലിച്ചത്.
ഡിസംബര്‍ ഒമ്പതിന് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു.
‘മോദി സര്‍ക്കാരിന്റെ ചുവന്ന കണ്ണുകള്‍ക്ക് മേല്‍ വെച്ചിരിക്കുന്നത് ചൈനീസ് കണ്ണടയാണെന്നാണ് തോന്നുന്നത്. പാര്‍ലമെന്റില്‍ ചൈനക്കെതിരെ സംസാരിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല’, ട്വിറ്ററില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറിച്ചു. ഇന്നലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സ്്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
കോണ്‍ഗ്രസിനെ കൂടാതെ എന്‍സിപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ചൊവ്വാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയില്‍ പരം വിഷയത്തില്‍ ഒരു ചര്‍ച്ചയും സാധ്യമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
Discussion about this post