അമരാവതി: പാര്‍ലമെന്റ് മന്ദിര വളപ്പില്‍നിന്നുള്ള മണ്ണും യമുനാ നദിയിലെ ജലവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കൈമാറി ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണത്തിന് ശില പാകി. യമുനാ നദിയിലെ വെള്ളവും പാര്‍ലമെന്റ് മന്ദിരവളപ്പില്നിന്നുള്ള മണ്ണും കൂട്ടിച്ചേര്‍ത്ത് ഹെലികോപ്റ്ററില്‍ നിന്ന് അമരാവതിക്കുമേല് വര്‍ഷിച്ച് മുഖ്യമന്ത്രി നായിഡു ഒരുമയുടെ സന്ദേശം പകര്‍ന്നു.
ആന്ധ്രയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ശക്തിയും പിന്തുണയും എപ്പോഴുമുണ്ടാകുമെന്ന സന്ദേശമാണ് ഈ പ്രതീകാത്മക കൈമാറ്റമെന്ന് മോദി ഉറപ്പു നല്കി. വിഖ്യാത തെലുങ്ക് കവി ശ്രീരംഗം ശ്രീനിവാസറാവുവിന്റെ മഹാകാവ്യമായ ‘മഹാപ്രസ്ഥാന’ത്തില്‍നിന്നുള്ള വരികള്‍ ഉദ്ധരിച്ച മോദി, അമരാവതി ആന്ധ്രയിലെ ജനങ്ങളുടെ തലസ്ഥാനനഗരമായി വളരട്ടെ എന്ന് ആശംസിച്ചു.
ജനങ്ങളില്‍ ഒരുമയുടെ സന്ദേശം പകര്‍ന്ന് സംസ്ഥാനത്തെ 16,000 ഗ്രാമങ്ങളില്‍നിന്നും മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്നും മണ്ണും ജലവും പുതിയ തലസ്ഥാനത്തിന്റെ നിര്‍മിതിക്ക് ഉപയോഗിക്കുന്നുണ്ട്. മനാ മട്ടി, മനാ നീര്, മനാ അമരാവതി (നമ്മുടെ മണ്ണ്, നമ്മുടെ ജലം, നമ്മുടെ അമരാവതി) എന്ന ആശയത്തോടെയാണ് പുതിയ തലസ്ഥാന നിര്‍മാണം.
മഹാത്മാഗാന്ധി, അംബേദ്കര്‍, വല്ലഭ്ഭായ് പട്ടേല്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരുടെ ജന്മസ്ഥലങ്ങളില്‍നിന്നും പുണ്യസ്ഥലങ്ങളായ മാനസസരോവര്‍, വാരാണസി, അജ്മേര്‍ ദര്‍ഗ, മേഡക്ക് പള്ളി എന്നിവിടങ്ങളില്‍നിന്നുള്ള പൂജിച്ച ജലവും മണ്ണും ഗോദാവരി, കൃഷ്ണ, കാവേരി, ഗംഗ തുടങ്ങിയ നദികളിലെ ജലവും അമരാവതി നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
സിംഗപ്പൂരിലെ സര്‍ക്കാര്‍ ഏജന്‍സിയാണ് നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. സീഡ് ക്യാപിറ്റല്‍, ക്യാപിറ്റല്‍ സിറ്റി, ക്യാപിറ്റല്‍ റീജിയന് എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് തലസ്ഥാന നഗരം. 32,000 ഏക്കര്‍ ഭൂമിയാണ് ആന്ധ്ര സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. കൃഷ്ണാ നദിക്കരയിലെ ഗ്രാമത്തില്‍ ഒരുക്കിയ ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, വിദേശ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും എത്തിയിരുന്നു. വന്‍ ജനാവലിയും ചടങ്ങിന് സാക്ഷിയായി.
Discussion about this post