ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്ദോ. മറ്റൊരു എംഎല്‍എയ്ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ എന്‍പിപിയില്‍ ചേരാന്‍ തീരുമാനിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.
അടുത്ത വര്‍ഷം ആദ്യത്തോടെ മേഘാലയയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവും മന്ത്രിയുമായിരുന്ന അംപരീന്റെ രാജി പ്രഖ്യാപനം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കും.
കോണ്‍ഗ്രസിന് മേഘാലയയിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയായി മാറിയെന്നും പറഞ്ഞ അംപരീന്‍ ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ടാഗ് ചെയ്ത് രാജിക്കത്തിനൊപ്പമാണ് ട്വീറ്റ്. ”പാര്‍ട്ടിക്കുള്ളിലെ സമീപകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് ദിശാബോധം നഷ്ടമായതായി ഞാന്‍ മനസിലാക്കുന്നു. മേഘാലയയിലെ ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടമായി. ഇവിടുത്തെ ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം ഇതാണെന്ന് എനിക്കിനി വിശ്വാസമില്ല” , രാജി അറിയിച്ചുകൊണ്ട് അംപരീന്‍ പറഞ്ഞു.
Discussion about this post