ലക്‌നൗ: യുപിയിൽ വിദേശികളുടെ ഒത്താശയോടെ നടന്ന കൂട്ട മതപരിവർത്തന നീക്കം തകർത്ത് പോലീസും നാട്ടുകാരും. സീതാപൂരിലെ ഷഹബാസ്പൂർ വില്ലേജിലാണ് സംഭവം. ഇന്ത്യക്കാരായ ദമ്പതികളെയും നാല് ബ്രിസീലിയൻ പൗരൻമാരെയും പോലീസ് അറസ്റ്റ് ചെയ്തു.
മതപരിവർത്തനം ലക്ഷ്യമിട്ട് 200 ഓളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ സമ്മേളനം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെടുകയായിരുന്നു. ഞായറാഴ്ചയാണ് പരിപാടി നടന്നത്. കൂട്ട മതപരിവർത്തനത്തിന് നീക്കം നടക്കുന്നതായും നാല് വിദേശികൾ ഉൾപ്പെടെയുളളവരെ ഗ്രാമവാസികൾ വളഞ്ഞുവെച്ചതായും വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.
ഇന്ത്യക്കാരായ പാസ്റ്ററും ഭാര്യയുമാണ് പിടിയിലായ സംഘത്തിലുളളത്. ഡേവിഡ് അസ്താന എന്നാണ് പാസ്റ്ററുടെ പേര്. ജോൻപൂർ സ്വദേശിയായ ഇയാൾ ലക്‌നൗ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യ റോഷ്‌നി അസ്താന മഹാരാഷ്ട്രക്കാരിയാണ്.
പിടിയിലായ നാല് ബ്രസീലിയൻ പൗരൻമാരുടെ പാസ്‌പോർട്ടുകളും പരിശോധിച്ചതായി പോലീസ് പറഞ്ഞു. ഇതിൽ ഒരാൾ പാസ്റ്ററാണ്. ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് മതപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചാണ് ഇവരുടെ നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യുപിയിൽ നിലവിലുളള നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തും.
Discussion about this post