തൃശൂർ: അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു. ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ ഒരു വഴിയാത്രക്കാരന് കാനയിൽ വീണ് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ തൃശൂർ വടക്കഞ്ചേരിയിലും ഫുട്പാത്തിലൂടെ നടക്കവേ കാനയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തദ്ദേശ സ്ഥാപനങ്ങളുടെ ഗുരുതര വീഴ്ചയ്ക്ക് സാധാരണക്കാർ വലിയ വില നൽകേണ്ട സ്ഥിതിയാണ് ഇത് വരുത്തിവെയ്ക്കുന്നത്.
വടക്കാഞ്ചേരിയിൽ 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് റോഡിലൂടെ നടക്കുകയായിരുന്ന വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശി ഗീത വീണത്. കാനയ്ക്ക് മുൻപ് ഫുട്പാത്തിൽ ഉയർന്നു നിന്ന ഇരുമ്പ് പൈപ്പിൽ തട്ടി ബാലൻസ് തെറ്റിയ ഇവർ മുൻപോട്ട് ആഞ്ഞ് കാനയിലേക്ക് പതിക്കുകയായിരുന്നു. വഴിയാത്രക്കാരും സമീപത്തെ ഓട്ടോ ഡ്രൈവർമാരും കണ്ടതുകൊണ്ട് മാത്രം തക്കസമയത്ത് വീട്ടമ്മയെ പുറത്തെടുക്കാൻ കഴിഞ്ഞു.
ഇവരുടെ നടുവിനും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഫുട്പാത്തിൽ മേൽഭാഗം മൂടാതെ കാനകൾ തുറന്നിടുന്നത് വഴിയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇത്തരം അപകടസ്ഥലങ്ങൾക്ക് സമീപം മുന്നറിയിപ്പുകളോ ഒന്നും വെയ്ക്കാനും തദ്ദേശ സ്ഥാപന അധികാരികൾ ശ്രദ്ധിക്കാറില്ല.
കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കെയാണ് മുഖ്യവേദിയായ ടാഗോർ തിയറ്ററിന് മുൻപിൽ റോഡിന് നടുവിലെ കാനയിൽ ഒരാൾ വീണത്. മീഡിയനോട് ചേർന്ന് സ്ലാബില്ലാതെ കിടന്ന ഭാഗത്തായിരുന്നു അപകടം. വാഹന തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾക്ക് അപകടം പറ്റിയത്. വിദേശികൾ ഉൾപ്പെടെ ചലച്ചിത്രോത്സവത്തിനായി എത്തിയ അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം ചതിക്കുഴികൾ മൂടാതിട്ടതിൽ അന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
വടക്കഞ്ചേരി സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
നവംബറിൽ കൊച്ചി നഗരത്തിൽ ഒരു കുട്ടി മൂടിയില്ലാത്ത കാനയിൽ വീണ സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. രക്ഷപെട്ട കുട്ടി ഭാഗ്യവാൻ ആണൈന്നും മൂടിയില്ലാത്ത നഗരത്തിലെ ഓടകൾ രണ്ടാഴ്ചയ്ക്കുളളിൽ മൂടണമെന്നും ബാരിക്കേഡ് വെയ്ക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന കുട്ടിയാണ് ഇവിടെ അപകടത്തിൽപെട്ടത്. ഒഴുക്കുണ്ടായിരുന്ന കാനയിൽ അമ്മ കാലുകൊണ്ട് കുട്ടിയെ തടഞ്ഞുനിർത്തുകയും ബഹളം വെച്ച് ആളുകളെ കൂട്ടി രക്ഷിക്കുകയുമായിരുന്നു.













Discussion about this post