തിരുവനന്തപുരം; കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുളള ശീതസമരം പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജനെതിരെ പരാതിയുമായി പി ജയരാജൻ രംഗത്തെത്തി. സാമ്പത്തിക വെട്ടിപ്പും അഴിമതി ആരോപണവും ഉൾപ്പെടെയാണ് ഇപി ജയരാജനെതിരെ ഉന്നയിച്ചത്.
കണ്ണൂർ ആന്തൂർ നഗരസഭാ പരിധിയിൽ നിർമിച്ച ആയൂർവേദ റിസോർട്ടിന്റെ മറവിൽ ഇപി വൻ തുകയുടെ സാമ്പത്തിക ലാഭം നേടിയെന്ന് ആയിരുന്നു പി ജയരാജന്റെ ആരോപണം. ഇപി ജയരാജന്റെ മകൻ ഈ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്.
ഈ റിസോർട്ടിനെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആന്തൂർ നഗരസഭ അനധികൃതമായിട്ടാണ് റിസോർട്ട് പണിയുവാൻ അനുമതി നൽകിയതെന്ന ആക്ഷേപം ഉൾപ്പെടെയാണ് ഉയർന്നത്. കുന്നിടിച്ചാണ് റിസോർട്ട് പണിതത്. വലിയ രീതിയിലുളള സമരവും ഇതിനെതിരെ നടത്തിയിരുന്നു. ഇതിന്റെ മറവിൽ ഇപി ജയരാജൻ വലിയ തുകയുടെ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നാണ് പി ജയരാജന്റെ ആരോപണം.
സംസ്ഥാന സമിതി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുത്തിരുന്നില്ല. അനാരോഗ്യം മൂലം കുറെ നാളുകളായി അദ്ദേഹം വിശ്രമത്തിലാണ്. എന്നാൽ പരാതി രേഖാമൂലം എഴുതി നൽകാനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർദ്ദേശം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ സിപിഎമ്മിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയാണ് പുറത്തുവരുന്നത്. പി ജയരാജനെ ഒതുക്കാനുളള നീക്കവും പിജെ ആർമിക്കെതിരെയുളള പാർട്ടിയുടെ നിലപാടുകളും ജയരാജനെ ചൊടിപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് പരാതി ഉന്നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
Discussion about this post