കൊച്ചി: പാതയോരങ്ങളിലെ തോരണം കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റതിന് പിന്നാലെ കൊച്ചിയിൽ റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രികന് പരിക്ക്. ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യവേയാണ് ചന്ദ്രശേഖരൻ മേനോൻ റോഡിൽവെച്ച് അപകടം ഉണ്ടായത്. വാഹനത്തിൽ നിന്ന് റോഡിലേക്ക് വീണ സാബുവും ഭാര്യയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. സാബുവിന്റെ കഴുത്തിൽ മുറിവും ഉണ്ടായി.
സംഭവത്തിൽ വാർത്തകളെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. കേബിളുകൾ വലിക്കാൻ അനുമതി വേണമെന്നും തദ്ദേശ, പൊതുമരാമത്ത്, പോലീസ് വകുപ്പുകളുടെ അനുമതി നേടണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ തോരണം കുടുങ്ങിയും ഗതാഗത നിയന്ത്രണത്തിനായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് വള്ളി കുടുങ്ങിയും തൃശൂരും തൊടുപുഴയിലും രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും വാഹനയാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ജീവൻ പോലും അപകടത്തിലാകുന്ന അലംഭാവം ആവർത്തിക്കപ്പെട്ടത്.
തൃശൂർ അയ്യന്തോൾ സ്വദേശിയും അഭിഭാഷകയുമായ കുക്കു ദേവകിയുടെ കഴുത്തിൽ തോരണത്തിന്റെ വളളി കുടുങ്ങി പരിക്കേറ്റ സംഭവത്തിൽ കോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചുങ്കം സ്‌റ്റോപ്പിന് സമീപം ഡിവൈഡറിന് മുകളിലൂടെ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന് വേണ്ടി കെട്ടിയ തോരണമാണ് ദേവകിയുടെ കഴുത്തിൽ കുരുങ്ങിയത്. കാറ്റിൽ പാറി വീണ തോരണം സ്‌കൂട്ടറിൽ യാത്ര ചെയ്ത ഇവരുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. പരിപാടി കഴിഞ്ഞിട്ടും തോരണം അഴിച്ചുമാറ്റിയിരുന്നില്ല. സംഭവത്തിന് ശേഷം പോലീസ് ഇടപെട്ടാണ് തോരണം അഴിച്ചുമാറ്റിയത്.
കഴിഞ്ഞ ദിവസം തൊടുപുഴയിലും സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ റോഡിന് കുറുകെ പ്ലാസ്റ്റിക് വളളി കെട്ടിയതാണ് ഇവിടെ വിനയായത്. ഇതിൽ തട്ടി സ്‌കൂട്ടർ യാത്രക്കാരനായ ജോണി ജോർജ്ജിന്റെ കഴുത്തിന് പരിക്കേറ്റിരുന്നു. തൊടുപുഴ കാരിക്കോട് തെക്കുംഭാഗം റോഡിൽ കോട്ടപ്പാലത്തിന് സമീപം ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കെട്ടിയ പ്ലാസ്റ്റിക് വളളിയാണ് അപകടം ഉണ്ടാക്കിയത്.













Discussion about this post