ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തിനു മുന്നില്‍ വരും വര്‍ഷങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2047ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 40ട്രില്യണ്‍ ഡോളറിലെത്തുമെന്നും ആ വലിയ ലക്ഷ്യത്തിലേക്കുള്ള മാറ്റങ്ങള്‍ രാജ്യത്തുണ്ടാകുമെന്നും മുകേഷ് അംബാനി പറഞ്ഞു. ധിരുഭായ് അംബാനിയുടെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
5000 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യ, അടുത്ത 25 വര്‍ഷങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ വളര്‍ച്ചയുണ്ടാകും. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനാകുമെന്നും ലോക ശതകോടീശ്വരന്‍മാരിലൊരാളായ മുകേഷ് അംബാനി പറഞ്ഞു.
പക്വതയുള്ള ജനാധിപത്യ സംവിധാനം, മൊത്തം ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന യുവജനശക്തി, നൂതന സാങ്കേതിക വിദ്യ എന്നിവയാല്‍ അനുഗ്രഹീതമായ ഇന്ത്യയ്ക്ക് ഈ വളര്‍ച്ച കൈവരിക്കാന്‍ അനായാസം കഴിയും. ദൗര്‍ലഭ്യതയുടേയും ദാരിദ്ര്യത്തിന്റെയും കാലഘട്ടത്തില്‍ നിന്നും 1.4 ബില്യണ്‍ ജനതയുടെ ജീവിതനിലവാരത്തില്‍ വലിയ പുരോഗതി ഉണ്ടാകുന്ന കാലഘട്ടത്തിലേക്ക് ഇന്ത്യ കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








