ന്യൂഡെല്‍ഹി: കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കടുപ്പിച്ച് ഇന്ത്യ. ചൈന ഉള്‍പ്പെടെ ആറ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചൈന, ഹോംകോംഗ്, ജപ്പാന്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ ഈ ഉത്തരവ് കര്‍ശനമായി പാലിച്ചിരിക്കണം. യാത്രയ്ക്ക് മുമ്പായി പരിശോധന റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിമാനത്താവളങ്ങളില്‍ നടന്ന അറുപതിനായിരത്തോളം പരിശോധനകളില്‍ 39 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ജനുവരിയോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുമെന്ന ആരോഗ്യ വിദ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. പുതുവര്‍ഷാഘോഷത്തിന് വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷ്മം പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post