ന്യൂഡെല്‍ഹി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീയായ ദയ ഭീലിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ഹിന്ദു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കണ്ടുവന്നും എന്നാല്‍ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എങ്കിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും ബാഗ്ചി പറഞ്ഞു.
സിന്ധ് പ്രവിശ്യയില്‍ നടന്ന അതിക്രൂര കൊലപാതകത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തര്‍പര്‍കര്‍ സിന്ധില്‍ നിന്നുള്ള പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സെനറ്ററായ കൃഷ്ണകുമാരി ദയ ഭീലിന്റെ ഗ്രാമത്തിലെത്തുകയും വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
40 വയസുള്ള ദയ ഭീല്‍ എന്ന സ്ത്രീ വളരെ ക്രൂരമായ കൊലപാതകത്തിന് ഇരയായെന്നും അവരുടെ മൃതദേഹം വളരെ മോശം അവസ്ഥയിലാണ് കണ്ടെത്തിയതെന്നും കൃഷ്ണ ട്വീറ്റ് ചെയ്തു. ‘അവരുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. തലയിലെ മുഴുവന്‍ മാംസവും അക്രമികള്‍ നീക്കിയിരുന്നു’. അവരുടെ ഗ്രാമം സന്ദര്‍ശിച്ചുവെന്നും സിന്ജ്ഹോരോയില് നിന്നും ഷഹ്പുര്ചകറില് നിന്നുമുള്ള പോലീസ് ടീം അവിടെ എത്തിയിരുന്നുവെന്നും കൃഷ്ണ ട്വിറ്ററിലൂടെ അറിയിച്ചു.
ദയ ഭീല്‍ കേസ് പാക് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയില്ലെന്നും ഇസ്ലാമാബാദിലെ രാഷ്ട്രീയക്കാരോ സിന്ധ് സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒരു പ്രസ്താവന പോലും നടത്തിയില്ലെന്നും നോണ്‍പ്രോഫിറ്റ് വാര്‍ത്താ സംഘടനയായ റൈസ് ന്യൂസ് ട്വീറ്റ് ചെയ്തു. പോലീസ് കുറ്റക്കാരെ പിടികൂടുമോ എന്നും മാതൃഭൂമിയായ സിന്ധില്‍ ഹിന്ദുക്കളെ തുല്യ പൗരന്മാരായി കാണുമോ എന്നും അവര്‍ ട്വീറ്റ് ചെയ്തു.
Discussion about this post