ന്യൂഡെല്‍ഹി: എണ്‍പതോളം പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബിഹാറിലെ സരണ്‍ ജില്ലയിലെ രാം ബാബു മഹ്‌തോ എന്നയാളെ ഡെല്‍ഹിയിലെ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. സരണ്‍ ജില്ലയിലെ മഷ്‌റാക് പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളിലെ പ്രതിയാണ് രാം ബാബു.
മദ്യ ദുരന്തത്തെ തുടര്‍ന്ന് നാടുവിട്ട ഇയാള്‍ പോലീസിനെ ഭയന്ന് പലയിടങ്ങളിലായി ഒളിച്ച് താമസിച്ചു വരികയായിരുന്നു. ദ്വാരകയില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ വലയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡെല്‍ഹി പോലീസ് ബിഹാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ഡെല്‍ഹിയില്‍ ഇയാള്‍ തങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദ പരിശോധനയില്‍ ഇയാളെ പിടികൂടാനായതായി ക്രൈം ബ്രാഞ്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ രവീന്ദ്ര സിംഗ് യാദവ് അറിയിച്ചു. സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനെ തുടര്‍ന്ന് അതിവേഗം പണം ഉണ്ടാക്കുന്നതിനായി ഇയാള്‍ വ്യജ മദ്യ വില്‍പ്പന തുടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.








