കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഭകളുടെ പ്രകടനത്തിനൊപ്പം ശ്രദ്ധേയമാകുന്ന ഇടമാണ് അടുക്കള. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് സ്‌കൂൾ കലോത്സവത്തിനെത്തുന്ന അതിഥികളെ അന്നമൂട്ടുന്നത്. എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം ആളുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് സദ്യ, വൈകുന്നേരം ചായയും പലഹാരവും, രാത്രി അത്താഴവും ഉൾപ്പടെ 4 നേരമാണ് ഭക്ഷണശാലയിൽ ഭക്ഷണം വിളമ്പുക. സമാപന ദിവസമായ 7 വരെ പത്തു കൂട്ടം വിഭവങ്ങൾ ഉള്ള സദ്യയാണ് ഒരുക്കിയിട്ടുളളത്. ഇക്കുറി ചേന പായസവും കുമ്പളങ്ങ പായസവും ആണ് സ്‌പെഷ്യൽ.
മലബാർ ക്രിസ്ത്യൻ കോളേജിലെ ഗ്രൗണ്ടിലാണ് പ്രധാന ഭക്ഷണ ശാല. എല്ലാ വേദികളിൽ നിന്നും കുട്ടികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എത്താൻ കലോത്സവ വണ്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
കലോത്സവ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് നിർവഹിച്ചു.
മധുരത്തെരുവ്, പാലൈസ്, തണ്ണീർ പന്തൽ, കല്ലുമ്മക്കായ്, സുലൈമാനി തുടങ്ങി കോഴിക്കോടൻ പേരുകൾ നൽകിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണി വരെ നീളും.












