തിരുവനന്തപുരം: സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകുകയാണെന്നും ജാവദേക്കർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ പരിപാടി.
പൊലീസിന് എങ്ങനെയാണ് സജി ചെറിയാൻ കുറ്റം ചെയ്തില്ലെന്ന് പറയാൻ സാധിക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ ചോദിച്ചു. ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യും.
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റു പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നീ അഞ്ചിന അജണ്ടയാണ് കേരള സർക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാർ നാടിനെ നശിപ്പിക്കുകയാണ്. തീവ്രവാദശക്തികളെയും വിധ്വംസക ശക്തികളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ അവർക്ക് മാപ്പ് കൊടുക്കില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
പരിപാടിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.ശിവൻകുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ് എന്നിവർ സംസാരിച്ചു













Discussion about this post