ഛണ്ഡീഗഡ്: സിദ്ധു മൂസേവാല കൊലക്കേസ് പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ കൂടുതൽ ക്രിമിനലുകൾ അറസ്റ്റിൽ. രണ്ട് ഷാർപ്പ് ഷൂട്ടർമാരുൾപ്പെടെ അഞ്ച് പേരെയാണ് അംബാല പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇവരുടെ പക്കൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു. ഷാർപ്പ് ഷൂട്ടർമാരായ മഹിന്ദർ സിംഗ്, രമേഷ് എന്നിവരും യമുനാനഗർ സ്വദേശികളായ ഹർപ്രീത് സിംഗ്, ഗുർജീത് സിംഗ്, ചന്ദേർ മോഹൻ എന്നിവരുമാണ് അറസ്റ്റിലായത്.
അംബാല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്. കഴിഞ്ഞ വർഷം ഇവരുൾപ്പെട്ട സംഘം 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പരാതിക്കാരനെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലാണ് പോലീസ് അഞ്ചംഗ സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിസ്റ്റലുകൾ, തിരകൾ എന്നിവയും, ഇവർ സഞ്ചരിച്ച വാഹനങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്.
ഷാർപ്പ് ഷൂട്ടർമാർക്ക് ആയുധങ്ങളും സഹായങ്ങളും നൽകിവന്നിരുന്നത് മറ്റ് മൂന്ന് പേരും ചേർന്നാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിലവിൽ സെൻട്രൽ ജയിലിലാണ് അഞ്ച് പേരെയും പാർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








