ബംഗളൂരു: മൈസൂരു ബിഷപ്പ് കനികദാസ് എ വില്യംസിനെ ചുമതലയിൽ നിന്ന് നീക്കി വത്തിക്കാൻ. ബിഷപ്പിനെതിരെ ഗുരുതരമായ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മൂന്നര വർഷം മുൻപ് 2019ൽ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരും ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നൽകിയിരുന്നു. സഭാ ഫണ്ടിൽ വലിയ രീതിയിൽ തിരിമറി നടത്തിയെന്നും വിവാഹം കഴിക്കാൻ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെയായിരുന്നു വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു.
പരാതി നൽകിയതിന് പിന്നാലെ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി പ്രതികാരം തീർത്തു. തുടർന്ന് വത്തിക്കാൻ വിശദമായ അന്വേഷണം നടത്തുകയും പരാതി നൽകി മൂന്നരക്കൊല്ലത്തിന് ശേഷം നടപടിയെടുക്കുകയുമായിരുന്നു. ആരോപണവിധേയനായ ബിഷപ്പ് കനികദാസിന് പകരം ബംഗളൂരു മുൻ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിന് പകരം ചുമതല നൽകി.










