ആലപ്പുഴ: സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ സർക്കാർ വിഷം കലർത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്‌കൂൾ കലോത്സവങ്ങളിൽ ഇനി പാചകം ചെയ്യില്ലെന്ന പഴയിടം നമ്പൂതിരിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയിടത്തിന്റെ പിന്മാറ്റം ദു;ഖകരമാണെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണത്തിൽ വിഷം കലർത്താൻ ചിലർ ശ്രമിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ കലോത്സവ വേദിയെ ഉപയോഗപ്പെടുത്തി. ഭരണകക്ഷിയായ മാർക്സിസ്റ്റ് പാർട്ടിയുടെ ആൾക്കാർ തന്നെയാണ് ഇതിനായി പ്രവർത്തിച്ചത്. ഇന്നേവരെയുണ്ടാകാത്ത വിവാദം അനാവശ്യമായി കുത്തിപ്പൊക്കുകയായിരുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭക്ഷണ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി യാതൊരു പരാതിയോ പരിഭവമോ കൂടാതെ കലോത്സവവേദികളിൽ വെച്ചുവിളമ്പിയ പഴയിടത്തെ ബ്രാഹ്‌മണ്യത്തിന്റെ പ്രതീകമാണെന്ന് പറയുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. ഇതുവരെ പഴയിടത്തിന് ഇത്തരം ആരോപണം കേൾക്കേണ്ടിവന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഭരിക്കുന്ന കക്ഷിയുടെ വേണ്ടപ്പെട്ടവർ തന്നെ അനാവശ്യവിവാദം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സത്യത്തിൽ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഭരണകക്ഷി തന്നെയാണ്. ഇത് ദുരുദ്ദേശ പരമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയത ഇളക്കിവിടാനാണ് ശ്രമം. വെജിറ്റേറിയൻ ഭക്ഷണം ഒരു മതവിഭാഗത്തിന്റെ മാത്രമാണ് എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ബ്രാഹ്‌മണ്യത്തിന്റെ പ്രതീകയാമാണ് പച്ചക്കറി വിളമ്പുന്നത് എന്നാണ് ആരോപണം. പഴയിടം അല്ലല്ലോ സർക്കാർ അല്ലേ മെനു തയ്യാറാക്കുന്നത്.
കൗതുകകരമായ കാര്യം എന്തെന്നാൽ ഇവിടെ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇത് തടയുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഇല്ല. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് എത്രപേരാണ് മരിക്കുന്നത്. ആയിരം ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ട് കേരളത്തിൽ. ഇവരെ ഉപയോഗിക്കുന്നേയില്ല. ഒരു പരിശോധനയും നടത്തുന്നില്ല. സർക്കാർ സംവിധാനം മുഴുവൻ നിഷ്‌ക്രിയമായിരിക്കുന്നു. നിയമ സംവിധാനം പാടെ തകർന്നു. ആദ്യം ഭക്ഷ്യവിഷബാധയ്‌ക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടത് എന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post