പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ ആശുപത്രി ചിലവുകളെല്ലാം നരേന്ദ്ര മോദി സ്വന്തം പണം കൊണ്ടാണ് നടത്തുന്നത് എന്ന് വിവരാവകാശ റിപ്പോർട്ട്. 2014 മുതൽ ആരോഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി സർക്കാരിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും പ്രധാനമന്ത്രി ചെലവാക്കിയിട്ടില്ല. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചെലവുകളിൽ ഒന്നിലും പ്രധാനമന്ത്രിയുടെ ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു.
പാർലമെന്റ് അംഗങ്ങൾക്കും (എംപിമാർ) കേന്ദ്രമന്ത്രിമാർക്കും ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടെ സൗജന്യമായി നിരവധി സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പേര് ഈ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും തന്റെ മുഴുവൻ ചികിത്സാ ചിലവുകളും അദ്ദേഹം സ്വയം വഹിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.2014 മുതൽ ഇന്ത്യയിലും വിദേശത്തുമായി ഇന്നുവരെ ചികിത്സയ്ക്കായി ഒരു ചെലവും ഉണ്ടായിട്ടില്ലെന്നും പിഎംഒ വ്യക്തമാക്കി.
ചികിത്സയ്ക്കായി വർഷത്തിൽ രണ്ടും മൂന്നും തവണ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മന്ത്രിമാരും മറ്റ് നേതാക്കന്മാരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം. നികുതിദായകരുടെ പണം പ്രധാനമന്ത്രി ഒരു സ്വകാര്യ ചെലവുകൾക്കും വേണ്ടി ഉപയോഗിക്കുന്നില്ല; ഇത് ജനങ്ങളുടെ ഭരണത്തിലുള്ള വിശ്വാസം വർധിപ്പിക്കുന്നു. എംപിമാരും എംഎൽഎമാരും അവരുടെ സ്വകാര്യ ചികിത്സാ ചിലവുകൾ സ്വയം വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പാത പിന്തുടരണമെന്ന് പ്രഫുൽ സർദ പറഞ്ഞു.
Discussion about this post