ശ്രീനഗർ: 75 വർഷങ്ങൾക്കിപ്പുറം അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജമ്മു കശ്മീരിലെ ഒരു ഗ്രാമം. അനന്തനാഗ് ജില്ലയിലെ ഗോത്രഗ്രാമമായ ടെതനിലാണ് വർഷങ്ങൾക്കിപ്പുറം വൈദ്യുതി എത്തിയത്. ഇതോടെ വലിയ ആഹ്ലാദത്തിലാണ് ഗ്രാമവാസികൾ.
കഴിഞ്ഞ ദിവസമാണ് നിർമ്മാണ ജോലികൾ പൂർത്തിയായതിന് പിന്നാലെ ഗ്രാമത്തിൽ വൈദ്യുതിയെത്തിയത്. പ്രധാനമന്ത്രിയുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഇതിനായുള്ള പ്രവർത്തനങ്ങൾ. അനന്തനാഗ് ജില്ലയിൽ നിന്നും 45 കിലോമീറ്റർ അകലെയായാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് ഫാസ്റ്റ് ട്രാക്ക് രീതി വഴിയാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത് എന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. 63 (കെവി) ട്രാൻസ്‌ഫോർമറാണ് ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
2022 മുതലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഇതിനിടെ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങി നിരവധി തടസ്സങ്ങൾ നേരിട്ടു. എങ്കിലും പദ്ധതിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുകയായിരുന്നു. ഒരു വർഷം കൊണ്ടുതന്നെ നിർമ്മാണ ജോലി പൂർത്തിയാക്കി വൈദ്യുതി എത്തിക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
കശ്മീരിലെ ഉൾ ഗ്രാമങ്ങളിൽ ഒന്നാണ് ടെതൻ. അനന്തനാഗ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുക ശ്രമകരമായതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാം ഗ്രാമത്തെയും ഗ്രാമവാസികളെയും അവഗണിച്ചു. 200 ഓളം ആളുകളാണ് ഗ്രാമത്തിലെ 60 കുടുംബങ്ങളിലായി താമസിക്കുന്നത്. രാത്രി കാലങ്ങളിൽ വീടിനു മുൻപിൽ വിറക് കത്തിച്ചാണ് ഇവർ കഴിച്ചുകൂട്ടുക. മെഴുകുതിരിയുടെ വെട്ടത്തിൽ പഠിക്കും. രാത്രി കാലങ്ങളിൽ ഭയപ്പാടോടെ ഇരുട്ടിൽ കഴിഞ്ഞു കൂടിയിരുന്ന ജനങ്ങൾക്ക് ശാപമോക്ഷം നൽകിയിരിക്കുകയാണ് വൈദ്യുതി എത്തിച്ചതിലൂടെ കേന്ദ്രസർക്കാർ.
ജീവിതത്തിൽ ആദ്യമായാണ് തന്റെ വീട്ടിൽ ബൾബ് കത്തുന്നത് കാണുന്നതെന്ന് പ്രദേശവാസിയായ ഫൈസുൾ ദിൻ ഖാൻ പറഞ്ഞു. ഇനി തങ്ങളുടെ കുട്ടികൾക്ക് വെളിച്ചത്തിൽ ഇരുന്ന് പഠിക്കാം. അവർ വലിയ സന്തോഷത്തിലാണ്. വർഷങ്ങളായുള്ള തങ്ങളുടെ പ്രശ്‌നമാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന് ഈ വേളയിൽ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post