കൊല്ലം: കൊട്ടിയത്ത് സുഹൃത്തിനെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി പ്രതി പ്രകാശ്. കളിയ്ക്കിടെ ഇടിച്ചതിന്റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രകാശ് പറയുന്നത്. കണ്ണനല്ലൂർ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്.
15 വർഷങ്ങൾക്കുമുൻപ് ഇരുവരും ചേർന്ന് ‘മ’ എന്ന അക്ഷരം പറഞ്ഞാൽ ഇടിക്കാമെന്ന കളി കളിച്ചു. സംസാരിക്കുന്നതിനിടെ അറിയാതെ ‘മ’ എന്ന അക്ഷരം ഉച്ചരിച്ച പ്രകാശിനെ സന്തോഷ് ഇടിച്ചു. നട്ടെല്ലിനായിരുന്നു സന്തോഷ് ഇടിച്ചത്. ഇതിന് പിന്നാലെ പ്രകാശിന് നിരന്തരമായി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങുകയായിരുന്നു.
നട്ടെല്ലിനേറ്റ സന്തോഷിന്റെ ഇടിയാണ് ഇതിനെല്ലാം കാരണം എന്ന് പ്രകാശ് വിശ്വസിച്ചു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞും പ്രകാശിന് കുട്ടികൾ ഉണ്ടായിരുന്നില്ല. സന്തോഷിന്റെ ഇടിയാണ് ഇതിനും കാരണമെന്ന് ഇയാൾ ഉറച്ചു വിശ്വസിച്ചു. ഇതിനിടെ പ്രകാശിന്റെ ഭാര്യ മരിച്ചു. ഇതോടെ മനസ്സിലെ വൈരാഗ്യം ഇരട്ടിച്ചു. ഇതിന്റെയെല്ലാം ഫലമായിരുന്നു കൊലപാതകം.
ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രകാശ് സന്തോഷിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. ഒരു വർഷമായി പ്രകാശ് സന്തോഷിനെ കൊലപ്പെടുത്താൻ കയ്യിൽ കത്തിയുമായി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വീട്ടിൽ എത്തി സന്തോഷിനെ കുത്തിക്കൊന്നത്.












